ചോദ്യചിഹ്നങ്ങൾ…..!

കരയെ തഴുകി വീണ്ടും കടലമ്മയുടെ മാറിൽ മുത്തം വച്ചു ഓടി കളിക്കുന്ന ഒരു കൊച്ചു കുട്ടിയായി തിരമാലകൾ. ഓർമകളുടെ ഇന്നലകളെയും യാഥാർഥ്യത്തിന്റെ ഇന്നിനെയും സ്വപ്നത്തിന്റെ നാളെയും പരസ്പരം തിരിച്ചറിയാൻ കഴിയാതെ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരായിരം ചോദ്യചിഹ്നങ്ങൾ……! ഒരുപക്ഷേ……

എന്റെ ശരികൾ,സന്തോഷങ്ങൾ ഒക്കെ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആകും. കറുപ്പൻനാൽ മൂടിയ ലോകത്ത് ഒറ്റയ്ക്കിരിക്കുമ്പോൾ നിശബ്ദതയുടെ മൂടുപടമണിഞ്ഞു ഇന്നിന്റെ പ്രത്യേകത പോലും മറന്നു എന്നിലേക്ക് ഓടി വന്ന ഒരായിരം ചോദ്യചിഹ്നങ്ങൾ….. ഇന്നത്തെ ഈ ദിവസവും ഇവിടെ അവസാനിക്കും. ഓരോ വർഷവും ഈ ദിവസം പുനർജനിക്കുകയും ചെയ്യും. നേടണം എന്നു കരുതിയത് ഒക്കെ… സ്വപ്നങ്ങൾ ഒക്കെ ഇത്തരം ചോദ്യചിഹ്നങ്ങളായി മാറികൊണ്ടിരിക്കുന്നു. ഉത്തരങ്ങൾ ദൂരേക്കു വലിച്ചെറിയപെടുന്നു. ഇത്തരം നൂറുകൂട്ടം ഭ്രാന്തമായ ചോദ്യങ്ങളുടെയും സ്വപ്നങ്ങളുടെയും ആകെത്തുകയാണ് ഇന്നു ജീവിതം…….

അസ്തമയ സൂര്യകിരങ്ങൾ പതിച്ചു അവളുടെ മുടിയിഴകൾക്ക് സുവർണ നിറം കൈവരിച്ചിരുന്നു. വടക്കു നിന്നും വീശിയ കാറ്റ് ആ മുടിയിഴകളെ തഴുകി കടന്നു പോയി.കാലുകളെ തിരകൾ നനച്ചുകൊണ്ടിരുന്നു. തിരക്കിൽ നിന്നും ശബ്ദങ്ങളിൽ നിന്നും ഒഴിഞ്ഞ് അവൾ ആ കടൽതീരത്ത് അങ്ങനെ ഇരുന്നു. പ്രത്യേകത നിറഞ്ഞ ഈ ദിവസം ആഘോഷവും ആരവവും ഇല്ലാതെ അവളിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു. അതായിരുന്നു അവൾക്ക് ലഭിച്ച നല്ല സമ്മാനവും. ചോദ്യചിഹ്നങ്ങളും ഉത്തരവും ഇല്ലാത്ത ശാന്തമായ കടലായി അവളും ഒഴുകികൊണ്ടിരുന്നു……….

Pravya_8901

Leave a comment